Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയായ രാംനാരായൺ ബാഗേലിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളില്‍ നാലു പേര് ബിജെപി അനുഭാവികളെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികളാണ് ബിജെപി അനുഭാവികള്‍. കേസിലെ നാലാംപ്രതി ആനന്ദന് സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് രാംനാരായണെ പ്രതികള്‍ ആക്രമിച്ചതെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ട്. രാംനാരായന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാം പ്രതിയായ മുരളി മുഖത്ത് കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. നാലാംപ്രതിയായ ആനന്ദന് വയര്ഭാഗത്തു കാലുകൊണ്ട് ചവിട്ടുകയാണു ചെയ്തത്. അഞ്ചാംപ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്.
ഇതിനിടെ, ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആള്‍ക്കൂട്ടക്കൊലയുടെ കൂടുതല്‍ വിവരം തേടിയിട്ടുണ്ട്.
Kerala
പാലക്കാട്: മോഷ്ടാവാണെന്ന സംശയത്തിൽ ആൾക്കൂട്ടവിചാരണയ്ക്കിടയിൽ മർദനമേറ്റ ഇതരസംസ്ഥാനതൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
പാലക്കാട് ജില്ലാ പോലീസ് മേധാവി സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, കുറ്റക്കാരുടെ പേരുവിവരങ്ങൾ, മരിച്ചയാളുടെ വിലാസം, കുറ്റക്കാർക്കെതിരേ സ്വീകരിച്ച നടപടികൾ എന്നിവ റിപ്പോർട്ടിലുണ്ടാവണം. എഫ്ഐആറിന്റെ പകർപ്പ് ഹാജരാക്കണം.
കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കണം. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ജനുവരി 27നു രാവിലെ പത്തിന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ടു ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.അട്ടപ്പള്ളത്തു ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.